വിദേശരാജ്യങ്ങളിൽ പഠിക്കണോ; അറിഞ്ഞിരിക്കുക:

            വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെയധികം വർധിച്ചു വരികയാണ്.

 പതിനൊന്ന് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 85 ല്‍ അധികം രാജ്യങ്ങളിലായി പഠിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024 ആകുമ്പോഴേക്കും വിദേശത്ത് പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 1.8 മില്യണ്‍ ആകുമെന്നും സർവ്വേകൾ പറയുന്നു.

    ഉന്നതമായ പഠന നിലവാരം, പഠിക്കുമ്പോൾ തന്നെ പാർട്ട് ടൈം ആയി ജോലി ചെയ്യാനുള്ള അവസരം, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍, പഠനശേഷം വിദേശത്ത് സ്ഥിര താമസത്തിനുള്ള (പി ആർ) സാധ്യത, ഇവയൊക്കെ ലക്ഷ്യം വച്ചാണു പ്രധാനമായും ഇന്ന്വി ദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനു തയ്യാറെടുക്കുന്നത്. കൂടാതെ, പഠനത്തിന് പോയവരിൽ ഭൂരിഭാഗവും തൃപ്തരാണ്. 

    എന്നാൽ വിദേശ പഠനത്തിന്റെ പേരിൽ ധാരാളം തട്ടിപ്പുകളും ഇന്ന് വര്‍ധിച്ച് വരികയാണ്. നഴ്സിംഗ് വിദ്യാർത്ഥികൾ അടക്കം കേരളത്തിൽ നിന്ന് ഒരുപാട് വിദ്യാർത്ഥികൾ ഇരകളായിട്ടുണ്ട്.  ഓരോ ചുവടുവയ്പിലും കൃത്യമായിട്ട് ശ്രദ്ധിച്ചിട്ടില്ലെങ്കിൽ  കാര്യങ്ങള്‍ ധനനഷ്ടത്തിലും സമയനഷ്ടത്തിലും മാനനഷ്ടത്തിലും കലാശിച്ചുവെന്നു വന്നേക്കാം. ബ്ലോക്ക് ചെയിൻ ടെക്നോളജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഓഗ്മെന്‍റഡ് റിയാലിറ്റി, സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, ഇക്കോ ടെക്‌നോളജി തുടങ്ങിയ ന്യൂജന്‍ കോഴ്‌സുകള്‍ പഠിക്കാനാണ് ഉപരി പഠനത്തിനായി വിദേശ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള 52 ശതമാനം പേരും ആഗ്രഹിക്കുന്നത്.  



    വിദേശ പഠനം ലക്ഷ്യമിടുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ നമുക്ക് നോക്കാം; 

 കൃത്യമായ പ്ലാനിംഗ്:

    വിദേശ പഠനം എന്നത് പെട്ടെന്ന് എടുത്ത് ചാടി എടുക്കേണ്ട തീരുമാനമല്ല, മറിച്ച് വിദേശത്തേക്ക് ഷിഫ്റ്റ് ചെയ്യുന്നതിന് ഒന്നോ രണ്ടോ കൊല്ലം മുമ്പു തന്നെ പ്ലാനിംഗ് ആരംഭിക്കണം. പഠിക്കേണ്ട കോഴ്‌സ്, ഏതു രാജ്യത്തു പഠിക്കണം, ഏതെല്ലാം യൂണിവേഴ്‌സിറ്റികള്‍ / സ്ഥാപനങ്ങളില്‍ അഡ്മിഷനു ശ്രമിക്കണം എന്നീ കാര്യങ്ങള്‍ നല്ല ഗൃഹപാഠം ചെയ്തു തന്നെ തീരുമാനിക്കേണ്ടവയാണ്. സ്വന്തം അഭിരുചി, പഠനത്തിനും താമസത്തിനുമുള്ള ചെലവ്, തൊഴില്‍ സാധ്യത, സ്ഥിരതാമസം ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അവസരം, സ്‌കോളര്‍ഷിപ്പ് / ലോണ്‍ / പാര്‍ട്ട് ടൈം തൊഴില്‍ എന്നിവയുടെ ലഭ്യത എന്നീ കാര്യങ്ങള്‍ മുന്‍ നിറുത്തി വേണം ഇക്കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കേണ്ടത്.

അംഗീകാരങ്ങൾ അറിയണം

    വിദേശത്ത് പഠിക്കുന്ന കോഴ്സിന് ഇന്ത്യയിൽ തുല്യതയുണ്ടോന്ന് അറിയണം. AlU, UGC അംഗീകാരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ ഉപരി പഠനത്തിനോ ജോലിക്കോ സാധുത ഉണ്ടാവൂ എന്ന് മനസിലാക്കുക.

അഭിരുചി പ്രധാനം

    മറ്റു ഘടകങ്ങള്‍ അനുകൂലമായി വരുമ്പോള്‍ വിദ്യാര്‍ ത്ഥിയുടെ അഭിരുചി കണക്കിെലടുക്കാതെ വിദേശപഠനത്തിന് ഒരുങ്ങുന്നവരെ ധാരാളമായി കാണാറുണ്ട്. ഇത് നല്ല പ്രവണതയല്ല എന്ന് എടുത്തു പറയേണ്ടതുണ്ട്. പഠനകാലം മാത്രമല്ല തുടര്‍ന്ന് ജീവിതകാലം മുഴുവനും തനിക്കിഷ്ടമില്ലാത്ത പഠന-തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നത് നല്ലതല്ല തന്നെ. അതിനാല്‍ പ്രഥമ പരിഗണന നൽകേണ്ടത് വ്യക്തിഗുണങ്ങള്‍ക്കും അഭിരുചിക്കും തന്നെയാണ്.

തൊഴിലവസരങ്ങള്‍ അറിയണം

    പഠനശേഷം പഠനം നടത്തിയ രാജ്യത്ത് തന്നെ തൊഴില്‍ ലഭിക്കുവാന്‍ സാധ്യതയുണ്ടോയെന്നും ആ രാജ്യത്തെ വിസാ നിയമം അതനുവദിക്കുന്നുവോ എന്നും മനസ്സിലാക്കണം. ഉദാഹരണത്തിന്, യു.കെയില്‍ അടുത്തകാലം വരെ പഠനശേഷം തൊഴിലിനായി അവിടെ തുടരാന്‍ ഒട്ടുമിക്ക കോഴ്‌സുകളിലും അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ബ്രെക്സിറ്റിൽ യു.കെ. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുമാറിയതിനു ശേഷം ഈ നിയമങ്ങള്‍ ഏറെ ഉദാരമാക്കിയിട്ടുണ്ട്. പഠനമാഗ്രഹിക്കുന്ന രാജ്യത്തിന്റെ വിസ/ഇമിഗ്രേഷന്‍ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കു ബാധകമായ തൊഴില്‍ നിയമങ്ങളെക്കുറിച്ച് അറിയുവാനാകും. പത്ര-മാധ്യമങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്തകളും ലേഖനങ്ങളും ഇക്കാര്യത്തില്‍ മാര്‍ഗ്ഗ ദര്‍ശനത്തിനായുപയോഗിക്കാം. എന്നാല്‍ ഓവർസീസ് / എബ്രോഡ് സ്റ്റഡീസ് കണ്‍സള്‍ട്ടന്‍ സികളുടെയും മറ്റും വെബ്‌സൈറ്റുകളില്‍ ലഭ്യമായ വിവരങ്ങളെ പൂർണ്ണമായും കണ്ണടച്ച് വിശ്വസിക്കരുത്.

പഠനച്ചെലവ്

    പഠനത്തിനും താമസത്തിനും എത്ര പണം വേണ്ടി വരുമെന്നു മനസ്സിലാക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം മികച്ച സര്‍വ്വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക എന്നതാണ്. ഓരോ കോഴ്‌സിന്റെയും ട്യൂഷന്‍ ഫീ, മറ്റു ചെലവുകള്‍, താമസച്ചെലവ്, ഭക്ഷണത്തിനും യാത്രയ്ക്കും മറ്റും ചെലവാകാവുന്ന തുക എന്നിവയൊക്കെ അതിൽ നിന്നും അറിയുവാനാകും. പഠനച്ചെലവും സാമ്പത്തിക സ്രോതസ്സുകളും താരതമ്യം ചെയ്തതിനു ശേഷമേ വിദേശ പഠനത്തില്‍ അന്തിമ തീരുമാനമെടുക്കാവൂ.

സ്‌കോളര്‍ഷിപ്പുകള്‍ നോക്കണം

    പഠനച്ചെലവ് പൂര്‍ണ്ണമായോ ഭാഗികമായോ സ്‌കോളര്‍ഷിപ്പുകള്‍ മുഖാന്തിരം കണ്ടെത്താനാവുമോയെന്ന് പരിശ്രമിക്കണം. സ്‌കോളര്‍ഷിപ്പുകള്‍, സാമ്പത്തിക സഹായങ്ങള്‍, മറ്റു ഫണ്ടിംഗ് സാധ്യതകള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റുകളില്‍ തന്നെ ലഭ്യമാണ്. അതിനാല്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ തന്നെയാണ് ആദ്യം സന്ദര്‍ശിക്കേണ്ടത്. യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ എല്ലാ വിവരങ്ങളും അതില്‍ ലഭ്യമായിരിക്കും. പഠന മികവു മാത്രമല്ല സ്‌കോളര്‍ഷിപ്പുകള്‍ക്ക് മാനദണ്ഡം. വ്യക്തിയുടേയും പ്രദേശത്തിന്റെയുമൊക്കെ പിന്നാക്കാവസ്ഥ പരിഗണിച്ചുകൊണ്ടുള്ള സാമ്പത്തികസഹായങ്ങളും അനുവദിക്കപ്പെടാറുണ്ട്. പഠിക്കാൻ പോവുന്ന എല്ലാർക്കും സ്കോളർഷിപ് / ഫണ്ടിങ്ങ് കിട്ടില്ല എന്ന സത്യത്തെയും ഉൾക്കൊള്ളാനാവണം. യൂണിവേഴ്‌സിറ്റികളും കോളേജുകളും മുഖേനെ അല്ലാതെയുള്ള സ്‌കോളര്‍ഷിപ്പുകളുമുണ്ട്. കോമണ്‍വെല്‍ത്ത് സ്‌കോര്‍ഷിപ്പ്, ഫെലിക്‌സ്, ഇന്‍ലാക് തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. ഗൂഗിൾ സെർച്ച് സഹായത്തോടെ ഇത്തരത്തില്‍ ലഭ്യമായ സ്‌കോളര്‍ഷിപ്പുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയതിനു ശേഷം ഓരോന്നിനെ കുറിച്ചും വിശദമായി മനസ്സിലാക്കി അപേക്ഷ നൽകാൻ ശ്രമിക്കുക. ഒരു പാട് ചൂണ്ടയിട്ടാൽ ഒന്നെങ്കിലും കൊളുത്തപ്പെടും എന്ന് വിശ്വസിക്കാം.

വിദ്യാഭ്യാസ ലോണുകള്‍

    വിദേശപഠനത്തിനു പണം കണ്ടെത്തുവാനുള്ള മറ്റൊരു മാര്‍ഗ്ഗം ബാങ്ക് ലോണുകളാണ്. വിദേശ പഠനത്തിനു ലോണ്‍ നല്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് ഉദാര സമീപനമാണുള്ളത്. എന്നാല്‍ ലോണ്‍ തുകയ്ക്ക് അനുസൃതമായ ഈടു നല്‌കേണ്ടതായി വരും. ഈടിന്റെ ലഭ്യതയും പഠനശേഷം പ്രതിമാസം കൃത്യമായി തിരിച്ചടവ് സാധ്യമാണോയെന്നതും പരിഗണിച്ചുവേണം ലോണ്‍ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.  ബാങ്കുകൾ നൽകുന്ന വായ്പകളെ പറ്റി വിദഗ്ദരോട് ഉപദേശം തേടാൻ മറക്കരുത്.

പാര്‍ട്ട്‌ടൈം ജോലി നോക്കണം

    മിക്ക രാജ്യങ്ങളിലും പാര്‍ട്ട് ടൈം ജോലിയിലൂടെ പഠനചെലവ് ഭാഗികമായി കണ്ടെത്താനാകുന്നുണ്ട്. ഇക്കാര്യത്തിലും പക്ഷേ കൃത്യമായ അറിവ് ആര്‍ജ്ജിക്കണം. നാം പഠിക്കാനാഗ്രഹിക്കുന്ന സ്ഥാപനവും രാജ്യവും വിദ്യാര്‍ത്ഥികളുടെ പാര്‍ട്ട് ടൈം തൊഴില്‍ അനുവദിക്കുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ പ്രതിവാരം എത്ര മണിക്കൂര്‍ ജോലി ചെയ്യുവാനാകുമെന്നും അറിയണം. എത്ര പണം ഇത്തരത്തില്‍ കണ്ടെത്താനാവുമെന്ന് മുൻകൂറായി കണക്കാക്കുകയും വേണം. മറ്റൊരു കാര്യം പാര്‍ട്ട്‌ടൈം ജോലിയുടെ ലഭ്യതയാണ്. ചില വലിയ യൂണിവേഴ്‌സിറ്റികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളില്‍ പാര്‍ട്ട് ടൈം തൊഴിലിന്റെ ലഭ്യത കുറവായിരിക്കും. ചില കോഴ്‌സുകളില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പുകളും ഉണ്ടാവാം.

എങ്ങിനെ അപേക്ഷകള്‍ നൽകാം

    കോഴ്‌സിനായുള്ള അപേക്ഷകള്‍ക്കൊപ്പം വയ്‌ക്കേണ്ട ചില രേഖകള്‍ അഡ്മിഷന്‍ കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. അതില്‍ ഏറ്റവും പ്രധാനമാണ് നാം നമ്മെക്കുറിച്ചും എന്തു കൊണ്ട് പ്രവേശനം ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കുന്ന കുറിപ്പ്. Statement of Purpose (SOP), Personal Statement (PS), Letter of Intrest (LI), Goals Statement (GS) തുടങ്ങിയ പേരുകളില്‍ ഇത് അറിയപ്പെടുന്നു. നിങ്ങളുടെ ഇതു വരെയുള്ള പഠനവും ഹോബികള്‍ ഉള്‍പ്പെടെയുള്ള താത്പര്യങ്ങളും ഇന്റേണ്‍ഷിപ്പുകളും സാമൂഹിക സേവനങ്ങളുമൊക്കെ അപേക്ഷിക്കുന്ന കോഴ്‌സിലേക്ക് എങ്ങനെ എത്തിപ്പെടുന്നു എന്നതാണ് ചുരുക്കത്തില്‍ ഇതിലൂടെ വ്യക്തമാക്കേണ്ടത്. തെറ്റില്ലാത്ത ഭാഷയും വ്യക്തമായ രചനാ രീതിയും എഴുത്തില്‍ തീര്‍ച്ചയായും വേണം.



ശുപാർശ കത്ത് വാങ്ങാൻ മറക്കണ്ട

    ഒന്നോ രണ്ടോ പേരുടെ ശുപാര്‍ശകള്‍ അ പേക്ഷയോടൊപ്പം വയ്‌ക്കേണ്ടതായി വരും. നിങ്ങളോടു മതിപ്പുള്ള ടീച്ചറോ പ്രൊഫസറോ ആണ് ഇക്കാര്യത്തില്‍ ഏറ്റവും അനുയോജ്യരായ വ്യക്തികള്‍. തന്റെ വിദ്യാര്‍ത്ഥി ഈ കോഴ്‌സ് പഠിക്കാന്‍ എന്തുകൊണ്ട് യോഗ്യയാണ് എന്നു വ്യക്തമാക്കുന്ന എഴുത്താവണം ശുപാര്‍ശയായി നല്‌കേണ്ടത്. ഇ-മെയില്‍ അന്വേഷണം സ്ഥാപനങ്ങളില്‍ നിന്നുണ്ടായാല്‍ കൃത്യമായി മറുപടി നല്കാന്‍ സന്നദ്ധരുമായിരിക്കണം ശുപാർശ നൽകുന്നവർ. എട്ടിൻ്റെ പണി തരുന്നവരെ കാണരുതെന്ന് ചുരുക്കം.

ഭാഷാ പഠനവും പ്രാവീണ്യവും

    ഇംഗ്ലീഷ്, പഠന മാധ്യമമായിട്ടുള്ള രാജ്യങ്ങളില്‍ ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനായി IELTS, TOEFL തുടങ്ങിയ ടെസ്റ്റുകളില്‍ നിര്‍ദ്ദിഷ്ട സ്‌കോര്‍ നേടണമെന്ന നിബന്ധനയുണ്ടാവാം. നിങ്ങളുടെ ഇതുവരെയുള്ള പഠനം ഇംഗ്ലീഷിലാണെങ്കില്‍ ഇക്കാര്യത്തില്‍ ഇളവുകളുമുണ്ടാവാം. ഇക്കാര്യം കൃത്യമായി മനസ്സിലാക്കി ആവശ്യമായ യോഗ്യത (ബാൻഡ്‌ സ്കോർ) മുന്‍കൂട്ടി നേടണം. ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പല കോഴ്‌സുകള്‍ക്കും ആ രാജ്യത്തിന്റെ ഭാഷ പഠിക്കേണ്ടതും ആവശ്യമായി വരാം. ഇപ്പോൾ കേരളത്തിൽ വിദേശ ഭാഷ പഠിക്കാനവസരങ്ങളുണ്ട്. അത് മുതലാക്കാൻ ശ്രമിക്കണം.

            വിദേശ പഠനമെന്നത് വലിയൊരു സാധ്യതയാണെങ്കിലും അതിനായുള്ള തയ്യാറെടുപ്പില്‍ മാതാപിതാക്കളും വിദ്യാര്‍ത്ഥികളും അര്‍പ്പണ ബോധത്തോടെ പ്രയത്‌നിച്ചില്ലെങ്കില്‍ വിപരീതഫലമുണ്ടാവുമെന്ന സത്യം കൂടി ഉൾക്കൊള്ളാനാകണം. ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നവർക്ക് പിഴവുകൾ വരാൻ സാധ്യതയുണ്ടാവില്ല എന്നും മനസിലാക്കണം.

Post a Comment

Previous Post Next Post

Contact Form